Friday, March 15, 2013

scene 18 to scene 34



മുൻ ലക്കം ഇവിടെ
>> scene 10 to scene 17


സീൻ - 18


കോളേജ് മുറ്റം. ഉച്ചതിരിഞ്ഞിരിക്കുന്നു. പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ടൂറിസ്റ്റ് ബസ്സ്. കുട്ടികളിൽ പലരും ബസ്സിൽ ഇരിപ്പുറപ്പിച്ച് കഴിഞ്ഞു. റിജോ, സംഗീത്,മുരുകൻ ഇവരും ബാഗുകളുമായി കയറാൻ തയ്യാറായി നിൽപ്പുണ്ട്. രണ്ട് അദ്ധ്യാപകരും അവരുടെ കുടുംബവും പുറത്തുണ്ട്. പ്രസാദും  രണ്ടു മൂന്നു കുട്ടികളും അവരെ  യാത്രയയക്കാനുള്ള തയ്യാറെടുപ്പിൽ മാറി നിൽക്കുന്നു.

മുരുകൻ പ്രസാദിനരികിലേക്ക് ചെന്ന് : “ നിന്നെ ഞാൻ പൊക്കിയെടുത്ത് കൊണ്ടു പോയേനെ.. ഇതിപ്പൊ നിന്റെ മാമാവ്ടെ കല്ല്യാണം വന്നു പെട്ടു പോയല്ലോ..”

പ്രസാദ് അവന്റെ കൈ പിടിച്ച് : “ അടുത്ത പ്രാവശ്യം ഞാനെന്തായാലും വരാടാ.. ഉറപ്പ്..”

സീൻ 19

ബസ്സിനുൾവശം. രാത്രി. കളി ചിരികൾ. വണ്ടി ഇപ്പോൾ തമിഴ്നാട്ടിലൂടെയാണ്  ഓടുന്നത്. മുരുകൻ മുന്നിലിരുന്ന് ഡ്രൈവർക്ക് വഴി പറഞ്ഞു കൊടുക്കുന്നു. അവന്റെ ആവശ്യത്തിനനുസരിച്ച് വണ്ടി ഒരിടറോഡിലേക്ക് തിരിയുന്നു.

സീൻ 20

വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ഒരു മാളികവീടിനു മുമ്പിൽ നിർത്തിയിട്ടിരിക്കുന്ന ബസ്സിൽ നിന്ന് താഴെയിറങ്ങി നിൽക്കുന്ന അദ്ധ്യാപകരും കുട്ടികളും. ആഢ്യത്തം നിറഞ്ഞ ഒരു തമിഴ്ദമ്പതികൾ  അവിടെ സന്തോഷത്തോടെ നില്പുണ്ട്.
മുരുകന്റെ അച്ഛനമ്മമാരാണത്. കുറച്ചു പുറകിലായി വേലക്കാരും.  മുരുകൻ  അച്ഛനോട് മുഖ്യാദ്ധ്യാപകനെ ചൂണ്ടി : “ അപ്പാ, തോമസ് സർ, നാങ്കളുടെ ക്ലാസ് ട്യൂട്ടർ.” പിന്നെ തിരിഞ്ഞ് അദ്ധ്യാപകനോട് “ സർ, അപ്പാ..” അവരിരുവരും കൈ കൊടുക്കുന്നു. അവന്റെ അച്ഛൻ അടുത്ത അദ്ധ്യാപകനു നേരെ കൈ നീട്ടുന്നു.

പിന്നെയവൻ കൂട്ടുകാരെ ഓരോരുത്തരെയായി പരിചയപ്പെടുത്താൻ തുടങ്ങുമ്പോൾ അമ്മ ഇടയിൽ കയറിക്കൊണ്ട് : “അതെല്ലാം അപ്പുറം കണ്ണാ, പസങ്ക പസിയാലെ തവിച്ചിറുപ്പാങ്ക , മൊതലാ ഇവ്വങ്കള്ക്ക് സാപ്പിട്രുതുക്ക് എതാച്ചു കൊടുക്കലാം....” പിന്നെ കുട്ടികൾക്ക് നേരെ തിരിഞ്ഞ് : “ വാങ്കോ ഉള്ളെ വാങ്കോ.. പസ്ങ്കളാ..”

സീൻ 21

പുലർച്ചെ. അതേ മാളികയുടെ ഉമ്മറം. കുട്ടികളെല്ലാം കുളിച്ച് പ്രാതലും കഴിഞ്ഞ് ബസ്സിൽ തിരികെ കയറി കൊണ്ടിരിക്കുന്നു. “ ഉക്കാരുങ്കോ, പശിക്ക്ത്, ഡേയ് പസു തുടങ്ങിയ വാക്കുകളൊക്കെ തമാശമട്ടിൽ ബസ്സിനുള്ളിൽ നിന്ന് കേൾക്കുന്നുണ്ട്.
കുട്ടികളെല്ലാം കയറി കഴിഞ്ഞു. പുറത്ത് അദ്ധ്യാപകർ, മുരുകൻ, അവന്റെ മാതാപിതാക്കൾ. വീടിന്റെ ഉമ്മറത്ത് കാത്തു നിൽക്കുകയായിരുന്ന വേലക്കാരോട് ആംഗ്യം കാണിക്കുന്ന മുരുകന്റെ അച്ഛൻ. അതു കണ്ടയുടനെ അവർ ചില കുട്ടകളുമായി അടുത്തേക്ക് വരുന്നു. അടുത്തെത്തുമ്പോഴാണ് ഓരോ കുട്ടയിലും ഓറഞ്ച്, ആപ്പിൾ, മുന്തിരി, പേരയ്ക്ക, വാഴപ്പഴം തുടങ്ങിയ പഴവർഗ്ഗങ്ങളാണെന്ന് മനസ്സിലാവുന്നത്. വേലക്കാർ അത് ബസ്സിനുള്ളിലേയ്ക്ക് കയറ്റി വയ്ക്കുന്നു.

തോമസ് സാർ അത്ഭുതത്തോടെ “ ഓ  എന്താണിത് !..ഇതൊന്നും വേണ്ടായിരുന്നു..”

മുരുകന്റെ അച്ഛൻ : “ഇത് ഇരുക്കട്ടും സർ, മദ്ധ്യാഹ്നസാപ്പാട് വേണ്ടാമെണ്ട്രു നീങ്ക സോന്നതിനാലെ താൻ . ഇല്ലെന്നാ അതെയും എടുത്തുക്കലാരുന്തുത്. കുഴൈന്തക അത ഇത വാങ്കി തിണ്ട്ര് വയറേ കെടുത്ത വേണ്ടാം..”

മുരുകന്റെ മുഖത്ത് അഭിമാനം തിളങ്ങുന്നു.

ബസ്സ് ഇരമ്പി തുടങ്ങുന്നു.

സീൻ 22

ഊട്ടിയിലേക്കുള്ള ചുരം കയറുന്ന ബസ്സ്. ബസ്സിനുള്ളിൽ നിന്ന് പുറത്തേയ്ക്ക് തെറിക്കുന്ന പഴത്തൊലികൾ. ഒച്ചയും ബഹളവും. ഒരു നിമിഷത്തെ ശാന്തതയ്ക്കു ശേഷം റിജോയും സംഘവും അവതരിപ്പിച്ച നാടകത്തിലെ ആ ഗാനം  ( എല്ലാവരും ഒരുമിച്ച് )കേൾക്കാനാവുന്നുണ്ട്.

സീൻ 23

ഉച്ച. ഊട്ടിയിലെ ഒരു പാർക്കിങ്ങ് ഗ്രൗണ്ടിൽ നിർത്തിയ ബസ്സിനുള്ളിൽ നിന്നും പുറത്തിറങ്ങുന്ന കുട്ടികൾ. പെൺകുട്ടികളും അദ്ധ്യാപകരും കുടുംബവുമെല്ലാം  ആൺകുട്ടികളിൽ ചിലരുമെല്ലാം സ്വെറ്ററും ഷാളുമെല്ലാം പുതച്ചിരിക്കുന്നു.

റിജോ തോമസ് സാറിനടുത്തേയ്ക്ക് ചെന്ന് മുന്നോട്ടു ചൂണ്ടി കൊണ്ട് : “ സാറേ.. ആ വഴിക്ക് പോയാ ഒരു നല്ല ഹോട്ടൽ ഉണ്ട്. മലയാളീസിന്റേതാ..” അവിടമൊക്കെ  കൈവെള്ള പോലെയാണെന്ന ഭാവം അവന്റെ സംസാരത്തിലും ചലനങ്ങളിലുമുണ്ട്. അവൻ ആവേശത്തോടെ അവരെ അങ്ങോട്ട് നയിച്ചു കൊണ്ടിരിക്കുകയാണ്.

ആ സമയത്ത് സംഗീത് ബസ്സിന്റെ വാതിൽക്കൽ നിന്ന് അവനെ ആംഗ്യം കൊണ്ടും മറ്റും വിളിക്കാൻ ശ്രമിക്കുന്നുണ്ട്. സംഗീതിനു പിന്നിൽ ബസ്സിനുള്ളിൽ മുരുകനും വിഷ്ണുവും മനിലുമുണ്ട്.
ഒടുവിൽ റിജോ അത് കാണുന്നു. അവനുടനെ തന്നെ കാര്യം മനസ്സിലാകുന്നുണ്ട്.  ഒന്നു പരുങ്ങി അദ്ധ്യാപകരോടും മറ്റുള്ളവരോടുമായി. “ നിങ്ങൾ നടന്നോ..ഞാൻ ഷാളെടുക്കാൻ മറന്നു.”

ആ സമയത്ത് വീണ അവന്റെ ഷാളെടുത്ത് ഉയർത്തി കാണിച്ചു കൊണ്ട്.. “ ദേ  നിന്റെ ഷാൾ ഞാനെടുത്തിട്ടുണ്ട്..”

  അടവ് പൊളിഞ്ഞെങ്കിലും റിജോ ശങ്കയില്ലാതെ : “ ഉവ്വാ ? ഷാളല്ല..ടവലും ഞാനെടുത്തിട്ടില്ല..” അവനതും പറഞ്ഞ് തിരികെ ഓടുന്നു.

“ഉം ഉം..” രണ്ടാമത്തെ അദ്ധ്യാപകൻ മൂളുന്നു. അയാൾ കുറച്ചു കൂടി ചെറുപ്പമാണ്. വീണ സംശയത്തോടെ പിൻതിരിഞ്ഞു നോക്കുന്നു.

സീൻ 24
അവരുടെ സംഘം ഒരു ഹോട്ടലിൽ നിന്ന് ഊണു കഴിഞ്ഞ് പുറത്തേക്കിറങ്ങുന്നു. ദൂരെ തടാകം കാണാം.

സീൻ 25

അവർ ഇപ്പോൾ തടാകത്തിനു തൊട്ടുമുമ്പിലാണ്. ടൂറിസ്റ്റുകളുടെ തിരക്ക്.

സീൻ 26

ടൂറിസ്റ്റുകൾക്കിടയിൽ കുട്ടികൾ വേർതിരിച്ചറിയാനാവാത്ത വിധം കൂടികലർന്നു കഴിഞ്ഞു. റിജോയുടെ സംഘത്തിൽ  സംഗീത്, വിഷ്ണു, മനിൽ, മുരുകൻ, വീണ, ജെസ്സി എന്നിവരുണ്ട്. ഇടയ്ക്കൊക്കെ ഫോട്ടോയ്ക്കു പോസു ചെയ്തും മറ്റു കുട്ടികളോടൊപ്പം ചേർന്നും അവർ  തിമർക്കുകയാണ്. റിജോ വാ തോരാതെ സംസാരിക്കുന്നുണ്ട്. വീണ ഇപ്പോഴും സംഗീതിനോട് അകന്നു നിൽക്കാൻ ജാഗ്രത കാണിക്കുന്നുണ്ട്.

സീൻ 27

അവർ ഇപ്പോൾ തടാകത്തിൽ  തുഴച്ചിൽ ബോട്ടുകളിലാണ്. ഉറക്കം തൂങ്ങി വീഴാനായുന്ന മനിലിന്റെ മുഖത്തേയ്ക്ക്  തടാകത്തിലെ  വെള്ളം കോരിയൊഴിക്കുന്ന സംഗീത്. അവന്റെ ഞെട്ടിയുണരൽ, തെറിവിളി.. പൊട്ടിച്ചിരികൾ.

സീൻ 28

സമയം വൈകീട്ട് നാലു കഴിഞ്ഞിരിക്കുന്നു. അവർ ഇപ്പോൾ ഒരു തെരുവിലാണ്. പെൺകുട്ടികളെ കാണാനില്ല. ഏതൊക്കെയോ ഉൾവഴികളിലൂടെ തിടുക്കത്തിനു നടക്കുന്ന റിജോയും സംഘവും      “ ദാ..അതാണ്..”. അവൻ പിന്തുടരുന്നവരോട് പറയുന്നു.  അങ്ങേയറ്റത്ത് ബാർ എന്നൊരു ബോർഡ് തെളിയുന്നുണ്ട്.

സീൻ 29

അവർ തിരിച്ചെത്തിയിരിക്കുന്നു. ഇപ്പോൾ കുട്ടികളെല്ലാം കുതിരസവാരിയൊരുക്കുന്നവർക്കിടയിലാണ്. എട്ടു പത്തു കുതിരകളുണ്ട്. ചില കുട്ടികൾ കുതിരക്കാരോട് വിലപേശുന്നു.

റിജോ കുതിരകളെയോരോന്നിനെയും അലക്ഷ്യമായി നോക്കി കൊണ്ട് : “ ഓ..ഇതൊക്കെ എന്ത് കുതിര ? ചാവാലികൾ.. ഞങ്ങളുടെ സ്കൂളിൽ ഒരു കുതിരയുണ്ടായിരുന്നു. ഫാന്റം. തൂവെള്ള. അവന്റെ മുൻകാലിൽ മുട്ടിനു താഴെ ഒരു കറുത്ത പൊട്ടുണ്ട്. അങ്ങനെ അടയാളമുള്ള കുതിരകൾ റൈഡേഴ്സിനെ കൊല്ലുമെന്നാണ് വിശ്വാസം. എനിക്കവനെ റൈഡ് ചെയ്യാനായിരുന്നു ഇഷ്ടം.. അവന്റെ പൊക്കം തന്നെ ദാ ഇത്ര വരും.” അവൻ കൈയുയർത്തി കാണിച്ചു കൊണ്ട്.. “ ഒരു ദിവസം..”

സംഗീത് ചെവി പൊത്തി കൊണ്ട് : “ ഒരു ദിവസം..അവൻ നിന്നെയും താഴെയിടാൻ നോക്കി
.എന്റെ പൊന്നു റിജോ, ഇതെത്രാമത്തെ തവണയാ ഈ പുളു നീ അടിക്കുന്നത്.. ഫാന്റവും മാൻഡ്രേക്കുമെല്ലാം അവിടെ നിക്കട്ടെ.. നിനക്കീ കുതിരയെ ഒന്നു ഓടിച്ചു കാണിക്കാൻ പറ്റ്വോ ? ഈ കണ്ട്രി , ചാവാലിക്കുതിരയെ ?”

അവർക്കെല്ലാം മദ്യം ചെറുതായി തലയ്ക്ക് പിടിച്ചിട്ടുണ്ട്.

അല്ലെങ്കിൽ ഇപ്പോ പറത്തി കാണിച്ചു തരാമെന്ന ഭാവത്തോടെ റിജോ : “അതിനയ്യാളു കുതിരയെ തന്നിട്ടു വേണ്ടെ?”

സംഗീത് : “ ഓ..അതല്ലേ വേണ്ടു ? ഈ മാല വിറ്റിട്ടായാലും ഞാനതിനെ വാങ്ങിച്ചു തരാം” . ആ വാശിയോടെ കുതിരക്കാരനടുത്തു ചെന്ന് : “ അണ്ണേ, ഇന്ത കുതിരൈയ്യെ തനിയേ പോക വിട്ണ്ത്ക്ക് എത്ര രൂപ ? റൈഡ്..റൈഡ്..സിങ്കിൾ റൈഡ്..”

കുതിരക്കാരൻ താല്പര്യത്തോടെ.. “ ആമാ സാർ..സിങ്കിൾ റൈഡ്..” കുതിരയെ കടിഞ്ഞാണിൽ പിടിച്ച് നീക്കി നിർത്തി “ ഉക്കാരുങ്കോ സാർ..ഓൺലി ഫിഫ്റ്റി് റുപ്പി..”

സംഗീത് : “ ച്ഛെ..അതല്ല.. നീ കൂടെ വരമാട്ടേ.. അവൻ ( റിജോയെ ചൂണ്ടി ) അവൻ തനിയാ..  സിങ്കിൾ റൈഡ്.. അത്ക്ക് എത്ര രൂപ ?”

മുരുകൻ ഇടപെടുന്നു “അണ്ണാ, ഇവന്‍ പെരിയ ജോക്കിയാക്കും , സ്റ്റേറ്റ് ചാമ്പ്യൻ..., അവനുക്ക് ഇന്ത കുതിരയെ തനിയാ ഓട്രതുക്ക് എന്ന വേണമെന്റ്രു കേക്കിറാന്‍
...

കുതിരക്കാരൻ വിലപേശാനുള്ള തയ്യാറെടുപ്പോടെ :  “ ആഹാ അപ്പടിയാ, നീങ്ക ജോക്കീയാ ?  ആനാലും ബ്ലാക്കിയാ അന്തമാതിരി വിടമുടിയാതിങ്ക സർ." “കുതിരയെ കൈ കൊണ്ടു തട്ടി. “ഇവന്‍ റൊമ്പ സ്ട്രാങ്ങ്. പുയല്‍ മാതിരി പറന്തിടുവാന്‍. റൊമ്പ ഡെഞ്ചര്‍, റൊമ്പ റൊമ്പ റിസ്ക്‌ സർ...

മുരുകന് അവന്റെ തന്ത്രം മനസ്സിലാവുന്നുണ്ട്. അയാളെ ഉപേക്ഷിച്ചു കൊണ്ട് : “ഓഹോ , അപ്പടിയാ  ? അപ്പടീന്നാ അന്ത കുതിരയെ പാക്കലാമേ ...
.

കുതിരക്കാരൻ അവനെ തിരികെ വിളിച്ച് : പോകാതീങ്ക സർ,” തല ചൊറിഞ്ഞ് അനിഷ്ടമഭിനയിച്ച് :   “ റൊമ്പ റിസ്ക്‌ , പോലീസ്‌ പാത്താല്‍ ലൈസന്‍സ് വന്ത് കട്ട് പണ്ണ്‍ വാങ്ക സർ.....,,, ആനാലും  സാറോട ആസൈ താനേ സരി , മുന്നൂര്‍ രൂപാവ കുടുങ്ക
....”
മുരുകനും വിലപേശാനുള്ള തയ്യാറെടുപ്പോടെ  : “  ഇന്ത പേട്ടുകുതിരക്കാ മുന്നൂർ ? നൂറ് രൂപാ തറേൻ
.

പേശലും പറയും നീണ്ടുപോകുമെന്ന് കണ്ട് സംഗീത് മടുപ്പോടെ ഇടയിൽ കയറി : “ ആ..മുന്നൂറെങ്കിൽ മുന്നൂറ്..” കുതിരക്കാരന്റെ കൈയ്യിൽ  പൈസ കൊടുത്ത് “ കുതിര അവന്റെ നടു ഒടിച്ചിട്ടാൽ നൂറു രൂപ കൂടി എക്സ്ട്രാ തരും..”

ഒരു അക്കിടി പറ്റിയ ഭാവത്തോടെ കുതിരക്കാരൻ സമ്മതിക്കുന്നു.

റിജോ കുതിരക്കരികിലേക്ക് . അവനു നല്ല ആത്മവിശ്വാസമുണ്ട്. കുതിരയെ ഒന്നു തഴുകി, ഇണക്കം മനസ്സിലാക്കി കരുതലോടെ കുതിരപ്പുറത്ത് കയറുന്നു. ( അതൊക്കെ കണ്ടാലറിയാം, അവന് ചെറുതായെന്തൊക്കെയോ പരിചയമുണ്ട് ). ഇരിപ്പുറച്ച ശേഷം, കുതിരയുടെ കടിഞ്ഞാണയച്ച് കാലുകൾ കൊണ്ട് കുതിരയുടെ പള്ളയ്ക്ക് തട്ടുന്നു. പക്ഷെ കുതിരയ്ക്ക് അനക്കമൊന്നുമില്ല. അവൻ വീണ്ടുമൊന്ന് ചെയ്തുനോക്കുന്നു. രക്ഷയില്ല. വീണ്ടും വീണ്ടും.. ചെറുതായി ശരീരവും കുലുക്കി നോക്കുന്നുണ്ട്. പക്ഷെ കുതിര പാറ പോലെ നിൽക്കുകയാണ്. ( ഇടയ്ക്കൊന്ന് ഇളിച്ചു കാണിക്കുന്നു. ). എല്ലാവരിലും ചിരി പടർന്നു തുടങ്ങി. “ ഓട്രാ കുതിരേ..”   സംഗീത് കുതിരയെ തള്ളി നോക്കുന്നു. അനക്കമില്ല. കുതിരക്കാരൻ  അടുത്തു വന്ന് കുതിരയുടെ മുഖമൊക്കെ ഒന്നു ചൊറിഞ്ഞ്  ഒരു ചെറിയ ശബ്ദമുണ്ടാക്കുമ്പോൾ കുതിര നടക്കാൻ തുടങ്ങുന്നു. എല്ലാവരും ആർപ്പു വിളിച്ചു. വളരെ പതുക്കെയാണ് കുതിര നടക്കുന്നത്.  സംഗീത് പിന്നാലെ നടന്ന് വെല്ലുവിളിക്കുന്നു : “ അയ്യേ..ഇതെന്ത് ? കുതിരയെ ഓടിക്കടാ നാറീ..”

റിജോ വീണ്ടും പഴയ ആക്ഷൻ തുടരുന്നു. പക്ഷെ കുതിരയ്ക്ക് മാറ്റമൊന്നുമില്ല.

മുരുകൻ കുതിരക്കാരനോട് : “ അണ്ണാ..കുതിരൈയ്യെ ഓട്രി വിട്..”

കുതിരക്കാരൻ ഒരു പ്രത്യേക രീതിയിൽ ചൂളമടിക്കുന്നു. കുതിര അതു  കേട്ടതോടെ ചെറിയ വേഗത്തിൽ ഓടാൻ തുടങ്ങുന്നു. ഒരു നിമിഷം ഒന്ന് പരിഭ്രമിച്ച് പിടഞ്ഞെങ്കിലും റിജോയ്ക്ക് ആ ചലനമാറ്റം ഉൾക്കൊള്ളാനാവുന്നുണ്ട്. എല്ലാവരും വീണ്ടും ആർപ്പു വിളിക്കുന്നു.

സീൻ 30

രാത്രി.  അവർ ഒരു ഹോട്ടലിനു മുൻപിലാണ്. അദ്ധ്യാപകരടക്കം എല്ലാവരും അങ്ങോട്ട് കയറുന്നത് കണ്ട് റിജോ തടയുന്നു : “ ഇതല്ല സാർ ഞാൻ പറഞ്ഞത്.കുറച്ചു കൂടി പോകണം. ബെസ്റ്റ് ഫുഡാ..  ഇവിടെ  അത്ര പോരാ.”

 
തോമസ് സാർ മടുപ്പോടെ: “ ഓ ..ഇനിയും വയ്യ റിജോ.. എത്രയായി നടക്കുന്നു.. കിട്ടുന്നതെന്തെങ്കിലും വാങ്ങി കഴിച്ച് പോകാൻ നോക്കാം.  താല്പര്യമുള്ളവർ പൊയ്ക്കോളൂ.. എയ്റ്റ് തേർട്ടിയ്ക്ക് തിരിച്ചെത്തണം.”

മുരുകൻ, സംഗീത്, ജിഷ്ണു എന്നിവരൊഴിച്ച് മറ്റുള്ളവരെല്ലാം ആ ഹോട്ടലിലേക്ക് തന്നെ കയറുന്നു.

സംഗീത് : “ എടാ.. ഇവടന്നു തന്നെ കഴിച്ചാ പോരെ ? നടന്നു നടന്നു കാലു കഴച്ചു. ദേ ഇതും നോൺവെജ് ആണല്ലൊ..”

റിജോ :  “ എടാ..ഞാനിവിടന്നൊക്കെ കഴിച്ചിട്ടുള്ളതാ.. വായീ വെക്കാൻ കൊള്ളുകേല.. നിങ്ങ വാ..”
അവൻ മുന്നോട്ടു നടക്കുന്നു. മനസ്സില്ലാ മനസ്സോടെ മറ്റു മൂന്നു പേരും പുറകെ.

സീൻ 31

അവരിപ്പോഴും നടക്കുകയാണ്. റിജോ ഔത്സുക്യത്തോടെ മുന്നോട്ടു നോക്കി കൊണ്ട്. മറ്റുള്ളവർ പുറകെ തളർന്ന് വലഞ്ഞ്..

“ ദാ..എത്തി..” കുറച്ചകലെ തെളിഞ്ഞു കത്തുന്ന ഹോട്ടൽ സൈൻ ബോർഡ് ചൂണ്ടി റിജോ. മറ്റുള്ളവർ ആവേശത്തോടെ മുന്നോട്ട്.
അവർ നടന്ന് ഹോട്ടലിൽ നിന്ന് ഏകദേശം ഇരുപതു മീറ്റർ അകലെയെത്തിയിട്ടുണ്ടാവും, പൊടുന്നന്നെ സൈൻ ബോർഡിലെ വെളിച്ചം കെട്ടു. പിന്നാലെ ഷട്ടറുകൾ വലിച്ചു താഴ്ത്തുന്ന ശബ്ദം.
അവർ തിടുക്കത്തിൽ ഹോട്ടലിനു മുമ്പിലെത്തി.  അവിടെ ‘closed’ ബോർഡ് തൂക്കുന്ന വെയ്റ്റർ പയ്യൻ. ഒരു ഷട്ടർ മാത്രം പകുതി താഴ്ത്തിയിരിക്കുന്നു.

“ക്ലോസ് പണ്ണിയാച്ചാ ?”,  മുരുകൻ.

ആമ്മാം സാർ .  എല്ലാമേ തീർന്നു പോച്ച്” പയ്യൻ അതു പറയലും അകത്ത് കയറി ഷട്ടറിടലും ഒരുമിച്ച് കഴിഞ്ഞു.

സ്തബ്ധിച്ച് നിൽക്കുന്ന നാൽവർ സംഘം.

“കൊല്ലടാ ഈ തെണ്ടിയെ..” വിഷ്ണുവാണത് അലറുന്നത്.

ആ നിമിഷത്തിൽ തന്നെ റിജോ തിരികെ ഓട്ടം തുടങ്ങി കഴിഞ്ഞു.

സീൻ 32

റിജോ എന്തൊക്കെയോ പറഞ്ഞു ക്ഷമ ചോദിച്ചും ചിരിച്ചും ഓടുക തന്നെയാണ്. അക്രോശിച്ചു കൊണ്ട്  പുറകെ മറ്റുള്ളവരും. വഴിയാത്രക്കാരും ടൂറിസ്റ്റുകളിൽ ചിലരുമെല്ലാം ചെറുതായൊന്നത് ശ്രദ്ധിക്കുന്നുണ്ട്.

സീൻ 33

ഒടുവിൽ അവരാ പഴയ ഹോട്ടലിനു മുമ്പിലെത്തിയിരിക്കുന്നു. പക്ഷെ അവിടെ ഒരു ഷട്ടറൊഴിച്ച് എല്ലാം താഴ്ത്തിയിരിക്കുന്നു. ‘closed’ എന്ന ബോർഡും !

വീണ്ടും അന്തിച്ചു നിൽക്കുന്ന നാൽവർ സംഘം

സീൻ 34

ബസ്സ് നീങ്ങികൊണ്ടിരിക്കുകയാണ്. ഉൾവശം. അവർ നാലു പേർ ഏറ്റവും പുറകിലാണ്. മുഖം വീർപ്പിച്ച് തളർന്നിരിക്കുന്നു. കുട്ടികൾ ചിലരൊക്കെ ( മനിൽ നല്ല ഉറക്കമാണ് ) ഉറങ്ങി കഴിഞ്ഞു. അല്ലാത്തവർ ചെറിയ കളി ചിരികൾ, തമാശകൾ. വീണയും ജെസ്സിയും ഉറങ്ങിയിട്ടില്ല. അവർ അല്പം മുമ്പിലാണിരിക്കുന്നത്.
റിജോ പുറത്തേയ്ക്ക് നോക്കി ഇരിക്കുകയാണ്. പുറത്തെ കടകളിലെ വെളിച്ചം  വല്ലപ്പോഴും കാണുമ്പോൾ  ആകാംഷയോടെ നോക്കും. അത് കഴിഞ്ഞു പോകുമ്പോൾ നിരാശയോടെ തല കുമ്പിടും.

“ സാറെ..ഞാനിപ്പോ വിശന്ന് ചാവും..” വിഷ്ണു വിളിച്ച് പറഞ്ഞു.

ബസ്സിൽ ഒരു കൂട്ടച്ചിരി മുഴങ്ങി.

“ ഒരു രക്ഷയുമില്ല മകനേ..” തോമസ് സാർ തല തിരിച്ച് വിളിച്ചു പറഞ്ഞു. “ ഇന്നൊരു വര വരച്ചു കിടന്നോ.. നാളെ നമുക്ക് അതു കൂടി ചേർത്ത് കഴിക്കാം..”

ബസ്സിൽ വീണ്ടും കൂട്ടച്ചിരി.

നാൽവർ സംഘത്തിന്റെ മുക്കലും മൂളലും പ്രതിഷേധവും.

ബസ്സിലെ ചിരി നിലയ്ക്കുന്നില്ല.

വീണയും ആ ചിരിയിൽ പങ്കു  ചേരുന്നുണ്ടെങ്കിലും അവസാനം അവളുടെ മുഖത്തും ഒരു വിഷാദഭാവം തെളിയുന്നുണ്ട്.

‘യെസ്”. പെട്ടന്നവൾ ചാടിയെണീറ്റു. പിന്നെ ബസ്സിലെ സൈഡ് റാക്കിൽ നിന്ന് ബാഗ് എടുത്ത് മടിയിൽ വച്ച് തുറന്നു. “ കുറച്ച് പഴമെടുത്ത് വച്ചിട്ടുണ്ടായിരുന്നു.. മുരുകന്റെ ഫ്രൂട്ട്സ് കണ്ടപ്പോ അതിന്റെ കാര്യം  മറന്നിരിക്കുകയായിരുന്നു..” അവൾ ജെസ്സിയോടു പറഞ്ഞു.
അവളത് പുറത്തേയ്ക്കെടുത്തു. രണ്ടു നേന്ത്രപ്പഴങ്ങൾ. പേനാക്കത്തിയെടുത്ത് അവളത് നാലാക്കി മുറിച്ചു. പിന്നെ അതെടുത്ത്  അവർക്കരികിലേക്ക് നടന്നു.

“ ഇന്നാടാ കോന്തന്മാരെ.. അത്രേം വിശപ്പെങ്കിലും മാറുമല്ലോ..” അവൾ പുഞ്ചിരിയോടെ അതവർക്കോരുത്തർക്കും നീട്ടി.

റിജോ ചാടി വീണ് : “ ഒറ്റ ഇടിയാ വച്ചു തരും. ഇതുണ്ടായിട്ടാണൊ  ഇത്ര നേരം മിണ്ടാതിരുന്നത്..”

വിഷ്ണു : “ ആ ഇതെങ്കിലിത്..”

മുരുകൻ ചിരിച്ചു കൊണ്ട് : “ ഇന്ത അൻപ്ക്ക് നാൻ അടിമൈ.. വീണാ..”

പക്ഷെ സംഗീതിനു മാത്രം അനക്കമില്ല. മുഖം തിരിച്ച്, കല്ലിച്ച ഭാവത്തോടെ അവൻ പറഞ്ഞു :

“എനിക്ക് വേണ്ട..”

ഒന്ന് പതറിയെങ്കിലും വീണ എന്തോ മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും ‘ എന്നാലതിങ്ങു തന്നേരെ” എന്ന് കൂവി റിജോ ചാടിയെണീറ്റ് കൈക്കലാക്കി തൊലിയുരിഞ്ഞ് വായിലേക്കിട്ടു കഴിഞ്ഞു.

സംഗീത് കോപത്തോടെ ഒന്നു കൂടി  തല വെട്ടിച്ചു.


അടുത്ത ലക്കം ഇവിടെ >> scene 35 to scene 44